കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവരെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഷിബിൻ വധക്കേസിലെ പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രതികളെ ഈ മാസം 15ന് കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ആകെ 18 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. 2015 ജനുവരി 22ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 17 പേരെയാണ് കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നത്. ലീഗ് പ്രവർത്തകരായ മുഴുവൻ പേരെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു.
ഈ കേസിൽ വിട്ടയച്ച പ്രതികളിൽപ്പെട്ട കാളിയാറമ്പത്ത് അസ്‍ലമിനെ ഓഗസ്‌റ്റ് 12ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അസ്‌ലം ഒഴികെയുള്ള 16 പ്രതികളെയും ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നാദാപുരം സിഐ ജോഷി ജോസാണ് ഹൈക്കോടതിയിൽ അപ്പീൽ ഹരജി നൽകിയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും