കശ്‌മീർ: ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃതു. ഏറ്റുമുട്ടലിൽ മേജറടക്കം നാല് സൈനികർക്ക് പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു പാകിസ്‌ഥാൻ പൗരനെ സൈന്യം വധിച്ചു.
ഇന്ന് പുലർച്ചെ 2.30നാണ് കുപ്‌വാരയിലെ മച്ചിൽ സെക്‌ടറിലെ നിയന്ത്രണ രേഖയിൽ കംകാരി പോസ്‌റ്റിന് സമീപം തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാൻ സൈന്യം മുന്നറിയിപ്പ് നൽകിയെങ്കിലും ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും മേഖലയിൽ തുടരുകയാണ്.
പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്‌സിലൂടെ അറിയിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ ആക്രമണം നടത്തിയത് പാകിസ്‌ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. പാകിസ്‌ഥാൻ ഭീകരരും സായുധ കമാൻഡോകളും അടങ്ങുന്ന സംഘമാണിത്. നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്‌ഥാൻ പൗരൻ ബിഎടി അംഗമാണെന്നാണ് നിഗമനം.
കാർഗിൽ വിജയ് ദിവസത്തിൽ പാകിസ്‌ഥാന് ശക്‌തമായ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അതിർത്തി മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം കുപ്‌വാരയിലെ നിയന്ത്രണ രേഖ സന്ദർശിക്കുകയും സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്‌തിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി