പ്രത്യേക നിയമസഭാ സമ്മേളനം; പ്രമേയം അവതരിപ്പിച്ചു, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

By Team Member, Malabar News
Special Assembly Meeting
Representational image
Ajwa Travels

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും, അത് കാര്‍ഷിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും പ്രമേയത്തില്‍ വ്യക്‌തമാക്കി.

രാജ്യതലസ്‌ഥാനം ഐതിഹാസിക പ്രക്ഷോഭത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ ഒരു ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തെ അത് സാരമായി തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചനകളില്ലാതെ പ്രാബല്യത്തില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റ് അനുകൂലവും, കര്‍ഷക വിരുദ്ധവുമായ നിയമമാണ്. ഇതിലൂടെ വിപണികളില്‍ പൂഴ്‍ത്തിവെപ്പും, കരിഞ്ചന്തകളും വര്‍ധിക്കുമെന്നും, അവശ്യസാധന നിയമത്തിലെ വ്യവസ്‌ഥയില്‍ നിന്ന് പയറുവര്‍ഗങ്ങളും, ഭക്ഷ്യധാന്യങ്ങളും ഒഴിവാക്കിയത് രാജ്യത്തെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ വ്യക്‌തമാക്കി.

കാര്‍ഷിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ തന്നെയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. സമാനതകളില്ലാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളിക്കുന്നതെന്ന് വ്യക്‌തമാക്കിയ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍, കേന്ദ്ര നിലപാടിനെതിരെ ഇടപെടാനുള്ള ബാധ്യത നിയമസഭകള്‍ക്കുണ്ടെന്നും വ്യക്‌തമാക്കി. കൂടാതെ പ്രമേയത്തെ പിന്തുണച്ച് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും കെജി ജോസഫ് സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിലാണ് കെജി ജോസഫ് സഭയില്‍ സംസാരിച്ചത്. ഒപ്പം തന്നെ പ്രമേയത്തില്‍ മൂന്ന് നിയമഭേദഗതികളും കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

Read also : സംസ്‌ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖ ഇന്ന് വിരമിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE