തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി ജേതാക്കളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. ഈ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ഉപയോഗിക്കാം. digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ
മൊബൈൽ നമ്പറും ആധാർ കാർഡ് നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കുക. ആദ്യമായി രജിസ്‌റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ മുകളിൽ കാണുന്ന sign up ബട്ടൺ ക്ളിക്ക് ചെയ്‌ത ശേഷം ജനന തീയതിയും മൊബൈൽ നമ്പറും ഇ മെയിൽ അഡ്രസ് വിവരങ്ങളും നൽകണം. ആറക്ക പിൻ നമ്പർ (ഇഷ്‌ടമുള്ളത് കൊടുക്കാം) കൂടി കൊടുത്ത ശേഷം സബ്‌മിറ്റ് ചെയ്യുക.
തുടർന്ന് നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് യൂസർ നെയിമും പാസ്‌വേഡും നൽകണം. ശേഷം ലോഗിൻ ചെയ്‌ത് “Get More Now” എന്ന ബട്ടൺ തിരഞ്ഞെടുക്കുക. ഇതിൽ എഡ്യൂക്കേഷൻ എന്ന സെക്ഷനിൽ നിന്ന് ബോർഡ് ഓഫ് പബ്‌ളിക് എക്‌സാമിനേഷൻ കേരള സെലക്‌ട് ചെയ്യണം. തുടർന്ന്, ക്‌ളാസ് 10 സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് സെലക്‌ട് ചെയ്യുകയും രജിസ്‌റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് സബ്‌മിറ്റ് ചെയ്‌താൽ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.
ഡിജിലോക്കർ സംബന്ധിച്ച സംശയങ്ങൾക്കും പ്രശ്‌നപരിഹാരത്തിനും സംസ്‌ഥാന ഐടി മിഷന്റെ സിറ്റിസൺ കോൾ സെന്ററിലേക്ക് 0471 155300, 0471 2335523 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Also Read: സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി