ലഖ്‌നൗ: ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ കുടുംബങ്ങൾ തങ്ങളോട് ആവശ്യപ്പെട്ടത് നീതി മാത്രമാണെന്നും അവർക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ച ശേഷം വ്യാഴാഴ്‌ച മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കൊല്ലപ്പെട്ട കർഷകരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും തിരിമറിയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. സംഘർഷത്തിൽ കൊല്ലപ്പെട്ട 19കാരനായ ഗുർവീന്ദർ സിങ്ങിന്റെ രണ്ടാം പോസ്‌റ്റുമോർട്ടത്തിലും ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നില്ല. റോഡിൽ വലിച്ചിഴച്ചത് മൂലമുള്ള മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നതെന്നും അമിത രക്‌തസ്രാവമാണ് മരണകാരണമെന്നുമാണ് പുതിയ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നത്. വെടിയേറ്റാണ് ഗുർവീന്ദർ മരിച്ചതെന്ന് ആരോപിച്ചാണ് റീ പോസ്‌റ്റുമോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
കർഷകർക്ക് നേരെ കാറോടിച്ച് കയറ്റിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാൻ യോഗി സർക്കാർ തയ്യാറാകണമെന്നും കേസിൽ അന്വേഷണം നീതിപൂർവമായി നടക്കണമെങ്കിൽ അജയ് മിശ്ര രാജിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
58 മണിക്കൂർ നീണ്ട തടവിന് ശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി കഴിഞ്ഞ ദിവസം വൈകിട്ടാണ് രാഹുൽ ഗാന്ധിയും സംഘവും ലഖിംപുരിൽ എത്തിയത്. കൊല്ലപ്പെട്ട കർഷകരുടെയും മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബത്തെയും രാഹുലും സംഘവും സന്ദർശിച്ചിരുന്നു.
Also Read: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു