കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്‌തു. ആദൂർ സ്വദേശി ഉസ്‌മാനെയാണ് റിമാൻഡ് ചെയ്‌തത്. അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഒളിവിലായിരുന്ന അധ്യാപകനെ ഇന്നലെയാണ് പോലീസ് ഫോൺ ട്രാക്ക് ചെയ്‌ത് മുബൈയിൽ നിന്ന് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധ്യാപകന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ, ജൂവനൈസ് ജസ്‌റ്റിസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ മാസം എട്ടിനാണ് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തത്. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ രക്ഷിതാവ് സ്‌കൂൾ പ്രിൻസിപ്പാലിന് പരാതിയും നൽകിയിരുന്നു. അന്ന് രാത്രി അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ച് ആത്‌മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്ന ശബ്‌ദ സന്ദേശവും പുറത്ത് വന്നിരുന്നു.
ഈ ശബ്‌ദ സന്ദേശത്തിന് ശേഷമാണ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. തുടർന്ന് അധ്യാപകൻ ഒളിവിലായിരുന്നു. സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മേൽപ്പറമ്പ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Also: വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു