ന്യൂഡെൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ആർ പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്.
ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ, മതിയായ യോഗ്യതകൾ പ്രശാന്തിന് ഉണ്ടെന്നും അതിന്റെ അടിസ്‌ഥാനത്തിലാണ് നിയമനം നൽകിയതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി.
അതേസമയം, പ്രശാന്ത് സർവീസിലിരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്‌റ്റന്റ് എൻജിനീയറായി ആശ്രിത നിയമനം നൽകിയത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സർവീസ് ചട്ടങ്ങൾ സംസ്‌ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സർവീസ് ചട്ടം പ്രകാരം തസ്‌തിക സൃഷ്‌ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താൻ മന്ത്രിസഭക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എംഎൽഎയുടെ മകന് ഇത്തരത്തിലൊരു നിയമനം നൽകാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
ഇതോടെ ഹരജിക്കാരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പൊതുതാൽപര്യ ഹരജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. നിയമനത്തിനായി പ്രത്യേക തസ്‌തിക രൂപീകരിക്കാൻ മന്ത്രിസഭക്ക് അധികാരമുണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി