കാസർഗോഡ്: ജില്ലയിലെ കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ജാർഖണ്ഡ് സ്വദേശി ശിവച്ച ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്. നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കന്യാലയിൽ കൃഷിപ്പണിക്കായി ജാർഖണ്ഡിൽ നിന്ന് എത്തിയ ശിവച്ച മറ്റ് ഇതര സംസ്‌ഥാന തൊഴിലാളികൾക്കൊപ്പമാണ് താമസിക്കുന്നത്. ഇയാൾ ഡിസംബർ 23ന് ആണ് മരിച്ചത്. എന്നാൽ, മരണവിവരം പുറത്തറിയിക്കാതെ കൃഷി സ്‌ഥലത്ത് തന്നെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച വിവരം നാട്ടുകാർ അറിയുന്നത്.
സ്‌ഥലം ഉടമയോടും തൊഴിലാളികളോടും പോലീസ് വിവരം അന്വേഷിച്ചിരുന്നെങ്കിലും നൽകിയ മൊഴി വൈരുദ്ധ്യമായിരുന്നു. മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്‌ഥലം ഉടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Most Read: വീടുകളിൽ സൗജന്യ ഡയാലിസിസ്; പദ്ധതി സംസ്‌ഥാന വ്യാപകമാക്കാൻ തീരുമാനം