പുതുച്ചേരി: തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണൻ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം.
സാഹിത്യ ലോകത്ത് കി രാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കി രാജനാരായണൻ ചെറുകഥകൾ, നോവലുകൾ, നാടോടികഥകൾ, ലേഖനങ്ങൾ എന്നീ മേഖകളിലെല്ലാം സമഗ്രമായ സൃഷ്ടികൾ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫോക്ലോർ വിഭാഗത്തിലെ പ്രൊഫസറും ആയിരുന്നു.
കി രാ തന്റെ ജൻമദേശമായ കോവിൽപ്പെട്ടിക്ക് സമീപത്തെ വരൾച്ചാ ബാധിത ഭൂമിയായ കരിസാലിനെ അടിസ്ഥാനമാക്കിയ കഥകളാണ് കൂടുതലും എഴുതിയിരുന്നത്. 1991ൽ ‘ഗോപാലപുരത്ത് മക്കൾ’ എന്ന നോവലിലൂടെ സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പുതുച്ചേരി ലഫ്റ്റണന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെയുള്ള നിരവധിപേർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Read Also: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം, അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്; ശശി തരൂർ
































