തിരുവനന്തപുരം: കോർപറേഷനിൽ നികുതി തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്‌തമാക്കിയത്. സോണൽ ഓഫിസിൽ നൽകുന്ന കരം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്‌ഥർ അഴിമതി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. നേരത്തെ കോർപറേഷനിലെ നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി യുഡിഎഫും ബിജെപിയും പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോർപറേഷനിൽ ആദ്യമായി മേയർ നികുതി വെട്ടിപ്പ് സ്‌ഥിരീകരിച്ചത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മേയർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ശ്രീകാര്യം സോണിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് മേയർ അറിയിച്ചു. നേമം സോണിൽ 25 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ സൂപ്രണ്ട് ശാന്തി ഉൾപ്പടെയുള്ളവർക്കാണ് സസ്‌പെൻഷൻ നൽകിയത്.
പ്‌ളാസ്‌റ്റിക് നിരോധനം ചർച്ച ചെയ്യാൻ ചേർന്ന സ്‌പെഷൽ കൗൺസിൽ യോഗത്തിലായിരുന്നു മേയറുടെ വിശദീകരണം. നികുതി വെട്ടിപ്പ് വിശദീകരണത്തിൽ തൃപ്‌തരാകാതെ പ്രതിപക്ഷം കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. യോഗത്തിലുടനീളം ബിജെപി പ്‌ളക്കാർഡ് ഉയർത്തിയും കോൺഗ്രസ് നടുത്തളത്തിൽ ഇറങ്ങിയുമാണ് പ്രതിഷേധിച്ചത്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്‌തമാക്കിയെങ്കിലും പ്രതിഷേധം കൂടുതൽ ശക്‌തമാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ആരുടേയും വീട്ടുകരം നഷ്‌ടപ്പെടില്ലെന്ന് മേയർ ആവർത്തിച്ചു. അതേസമയം, വീട്ടുകരം തട്ടുന്ന മാഫിയ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇതിന് എൽഡിഎഫ് ആണ് നേതൃത്വം നൽകുന്നതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷ് ആരോപിച്ചു. പ്രതികളെ അറസ്‌റ്റ് ചെയ്യാൻ കോർപറേഷൻ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട രാജേഷ് ബിജെപി സമരത്തെ അപഹസിച്ച മേയറുടെ നടപടി അപക്വമാണെന്നും പറഞ്ഞു.
കോർപറേഷനിലെ അഴിമതിക്കെതിരെ തുടങ്ങിയ ബിജെപിയുടെ രാപ്പകൽ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാളെ ജില്ലയിലെ മുഴുവൻ ബിജെപി ജനപ്രതിനിധികളും കോർപറേഷന് മുന്നിൽ സത്യാഗ്രഹം നടത്തും.
Also Read: മോൻസനെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി