തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കേട്ട് വീണതോടെയാണ് കണ്ടക്‌ടറായ വെള്ളറട സ്വദേശിയായ വിഷ്‌ണു രക്ഷകനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആനപ്പാറ ഇറക്കത്തിലാണ് സംഭവം.
വെള്ളറട ഡിപ്പോയിൽ നിന്ന് നെയ്യാറ്റിൻകര-അമ്പൂരി-മായം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 35ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു. ആനപ്പാറ ഇറക്കത്തിൽ എത്തിയപ്പോൾ ഡ്രൈവർ രാജേഷിന് ശാരീരികാസ്വാസ്‌ഥ്യങ്ങൾ അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ആയിരുന്നു. ഇതോടെ ബസ് നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിൽ ഇടിച്ചു ഏറെ ദൂരം ഓടിയിരുന്നു.
ഇതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ നിലവിളി തുടങ്ങി. അപകടം മനസിലാക്കിയ വിഷ്‌ണു ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവർക്ക് ബോധം ഇല്ലെന്ന് മനസിലാക്കിയത്. ഉടൻ വിഷ്‌ണു പവർ ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവറായ രാജേഷിനെ ഉടൻ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ കണ്ടക്‌ടർ വിഷ്‌ണുവിന് നന്ദി അറിയിച്ചാണ് മടങ്ങിയത്.
Most Read: കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി