കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്‌പി ശ്യാം കുമാർ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം ചോദ്യം ചെയ്‌തത്. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ യൂണിറ്റ് ഡിവൈഎസ്‌പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചോദ്യം ചെയ്യാൻ രാവിലെ ആശുപത്രിയിൽ എത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ ഇബ്രാംഹികുഞ്ഞിനെ ഈ മാസം 18ന് അറസ്‌റ്റ് ചെയ്‌തെങ്കിലും ചികിൽസയിൽ ആയതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ഇബ്രാഹിം കുഞ്ഞ്.
ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ആരോഗ്യനില മോശമാണെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റഡി അപേക്ഷ കോടതി തള്ളിയത്. എന്നാൽ ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി നിശ്‌ചിത സമയം വീതം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകുകയായിരുന്നു.
Also Read: ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി