മലപ്പുറം: കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ ജനൽ കമ്പി മുറിച്ച് അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ചാടിപ്പോകാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതരെ ജയിൽ അധികൃതർ അറിയിച്ച് മണിക്കൂറിനകമാണ് പ്രതി രക്ഷപ്പെട്ടത്.
ബുധനാഴ്‌ച രാത്രിയാണ് പ്രതി മുങ്ങിയത്. വഞ്ചനാ കേസിൽ വേങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌ത തൃശൂർ കേച്ചേരി പട്ടിക്കര മനോജ് (മുഹമ്മദ് ആഷിഖ് – 40) ആണ് കടന്നുകളഞ്ഞത്. കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് ഇന്നലെ ജയിലിലേക്ക് തിരിച്ചയക്കാനിരിക്കെ ആണ് കടന്നുകളഞ്ഞത്. കൊണ്ടോട്ടി, മഞ്ചേരി, എടക്കര എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് ഉണ്ടെന്ന് വേങ്ങര പോലീസ് പറഞ്ഞു.
വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കഴിഞ്ഞ 23നു ഇയാളെ അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന മഞ്ചേരി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിൽസയിലിരിക്കെ നെഞ്ച് വേദനയെന്നു പറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പേ വാർഡ് കെട്ടിടത്തിൽ താഴത്തെ നിലയിലെ മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഓടിപ്പോകാൻ സാധ്യത ഉണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് സന്ദേശം ജയിൽ സൂപ്രണ്ട് രാത്രി 10 മണിയോടെ ആശുപത്രി അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു.
എന്നാൽ രാത്രി പതിനൊന്നോടെ ഇയാൾ മുറിയിൽ ഇല്ലെന്നു കണ്ടെത്തി. ജനൽകമ്പി മുറിച്ച് പുറത്തു കടന്ന് ആശുപത്രി മതിൽ ചാടിയതാകാം എന്നാണ് നിഗമനം. ആർഎംഒ മഞ്ചേരി പോലീസിൽ പരാതി നൽകി. കമ്പി മുറിക്കാൻ പ്രതിക്ക് എങ്ങനെ ബ്ളേഡ് കിട്ടി എന്ന ചോദ്യം ഉയരുന്നുണ്ട്.
Malabar News: മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ