കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിൽ നിരാഹാരം വരെ കിടന്ന ഉക്രു ഇനി സ്വന്തം വീട്ടിലേക്ക്. തന്റെ പ്രിയപ്പെട്ട യജമാനൻ ബൈജു തിരികെ എത്തിയിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞത് ഉക്രുവിന് അൽപം ആശ്വാസം ആയിട്ടുണ്ട്.
ഇരിട്ടി കുന്നോത്ത് സ്വദേശി ബൈജുവിന്റെ വളർത്തുനായയാണ് ഉക്രു. ഉക്രുവിനു ചികിൽസ ലഭിക്കാത്തതിന്റെ നിരാശയിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അതിക്രമം കാട്ടിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയിൽ 5നു രാത്രിയാണ് ബൈജു പോലീസ് കസ്‌റ്റഡിയിലായത്. കൂടെ ഉക്രുവും. പിറ്റേന്ന് ബൈജു റിമാൻഡിലും ജയിലിലും ആയതോടെ തനിച്ചായ ഉക്രുവിനെ പോലീസ് പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പിഎഡബ്ള്യു) പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു. ഡോ. സുഷമ പ്രഭുവിന്റെ നേതൃത്വത്തിൽ സ്‌നേഹ പൂർണമായ പരിചരണം നൽകിയിട്ടും ഉക്രുവിന് അതിലൊന്നും തൃപ്‌തി വന്നില്ല.
ബൈജുവിനെ പിരിഞ്ഞതിന്റെ വിഷമത്തിൽ ആദ്യ ദിവസങ്ങളിൽ നിരാഹാര സമരത്തിലായിരുന്നു ഉക്രു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൊണ്ടുപോയി ഡ്രിപ്പ് നൽകിയാണ് തളരാതെ നോക്കിയത്. ഭക്ഷണം കഴിച്ചു തുടങ്ങിയ ശേഷവും ഉക്രുവിന്റെ കണ്ണുകൾ ബൈജുവിനെ തിരയുകയായിരുന്നു.
ആ വിഷമം മനസിലാക്കിയ പിഎഡബ്ള്യു പ്രവർത്തകർ ബൈജുവിന്റെ ജാമ്യത്തിനു ശ്രമിച്ചു. അഡ്വ. എം കിഷോർ കുമാറാണ് ജാമ്യഹരജി നൽകിയത്. തുടർന്ന് 8500 രൂപ കോടതിയിൽ കെട്ടിവെക്കുകയും രണ്ട് ആൾ ജാമ്യവും വേണമെന്ന വ്യവസ്‌ഥയിൽ ബൈജുവിന് ജാമ്യം അനുവദിച്ചു. എന്നാൽ ഈ തുക കണ്ടെത്താൻ ആകാത്തതിനാൽ ബൈജു ഇപ്പോഴും ജയിലിലാണ്.
വീട്ടിൽ തിരിച്ചെത്തിയാൽ ഉക്രുവിന്റെ വിഷമം മാറുമെന്ന പ്രതീക്ഷയിൽ പിഎഡബ്ള്യു പ്രവർത്തകർ ബൈജുവിന്റെ ഭാര്യയെ വിളിക്കുകയായിരുന്നു. ബൈജുവിനെ അറസ്‌റ്റ് ചെയ്‌ത ടൗൺ പോലീസ് സ്‌റ്റേഷന് മുന്നിൽ വച്ചു തന്നെ ഉക്രുവിനെ പിഎഡബ്ള്യു പ്രവർത്തകർ ബൈജുവിന്റെ ഭാര്യക്ക് കൈമാറി.
പിഎഡബ്ള്യു പ്രവർത്തകരായ ഡോ. സുഷമ പ്രഭുവും രേഷ്‌മ രാമചന്ദ്രനും ചേർന്നു കാറിൽ നിന്ന് ഇറക്കുമ്പോഴേക്കും ഉക്രു ബൈജുവിന്റെ ഭാര്യയുടെ കാൽച്ചുവട്ടിലേക്ക് ഓടിയെത്തി. അവരുടെ കാലിൽച്ചുറ്റിയും വാലാട്ടിയും മുട്ടിയുരുമ്മിയും നക്കിത്തുടച്ചുമെല്ലാം ഒരാഴ്‌ചക്കാലം പിരിഞ്ഞിരുന്നതിന്റെ വിഷമം അവൻ അറിയിച്ചു.
ഉക്രുവിനെ കൈമാറുമ്പോൾ അവനെപ്പിരിയാനുള്ള വിഷമം പിഎഡബ്ള്യു പ്രവർത്തകരുടെ മുഖത്തും കാണാമായിരുന്നു. ചേർത്തണത്ത് ഇരുകവിളുകളിലും ഉമ്മ നൽകിയാണ് അവർ ഉക്രുവിനെ യാത്രയാക്കിയത്.
Most Read: ജയ് ഭീം; യഥാർഥ ‘സെങ്കിനി’ക്ക് സഹായവുമായി സൂര്യ