മുംബൈ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാകിസ്‌ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജനറല്‍ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടം നടക്കുമ്പോള്‍ അത് ജനങ്ങളുടെ ഉള്ളിൽ സംശയം ജനിപ്പിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജനറൽ റാവത്ത് യാത്ര ചെയ്‌തത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഒരു ആധുനിക ഹെലികോപ്റ്ററിൽ ആയിരുന്നു. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോള്‍ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓര്‍ത്ത് തനിക്ക് അൽഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിൽ ആയിരിക്കാമെന്നും പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാ സംശയങ്ങളും ഇല്ലാതാക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി.
ബുധനാഴ്‌ചയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേര്‍ കൊല്ലപ്പെട്ടത്. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപ്റ്ററാണ് തകര്‍ന്നത്.
Most Read: കർഷകർ ഇന്ന് ശ്രദ്ധാഞ്‌ജലി ദിനം ആചരിക്കും