കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമത ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയ എതിരാളികളെയെല്ലാം ശക്‌തമായി നേരിട്ടാണ് മമതയുടെ തൃണമൂൽ ബംഗാളിൽ വിജയം കൊയ്‌തതെന്ന് കമൽനാഥ് പറഞ്ഞു.
‘ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവ് മമതയാണ്. തുടർച്ചയായ മൂന്നാം തവണയും ബംഗാളിന്റെ മുഖ്യമന്ത്രിയായ അവർ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് കാഴ്‌ചവച്ചത്. പ്രധാനമന്ത്രിക്കും കേന്ദ്ര ഏജൻസികൾക്കും എതിരെയായിരുന്നു അവരുടെ പോരാട്ടം. അതിൽ അവർ വിജയിച്ചു’ കമൽനാഥ് ചൂണ്ടിക്കാണിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ ഉയർത്തിക്കാട്ടുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യം യുപിഎ നേതൃത്വം പിന്നീട് തീരുമാനിക്കുമെന്നും കമൽനാഥ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്‌ചിമ ബംഗാളിൽ പലയിടത്തും രാഷ്‌ട്രീയ ആക്രമണങ്ങൾ തുടരുകയാണ്. ‘അക്രമമുണ്ടെന്ന് വരുത്തി തീർക്കാനാണ് ബിജെപിയുടെ ശ്രമം. സംഘർഷങ്ങളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
Read Also: ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ 3 തീവ്രവാദികളെ വധിച്ചു, ഒരാൾ കീഴടങ്ങി