13 കന്നുകാലികൾ ചത്തത് ഭക്ഷ്യവിഷബാധ മൂലം; സങ്കടക്കടലിൽ മാത്യു ബെന്നി

മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ.

By Trainee Reporter, Malabar News
mathew benny story
മാത്യു ബെന്നി
Ajwa Travels

തൊടുപുഴ: അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ ഷോക്കിൽ നിന്ന് മാത്യു ബെന്നി എന്ന 15 വയസുകാരൻ ഇതുവരെ മുക്‌തമായിട്ടില്ല. തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ മൂലം ചത്തത്.

അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ. മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ (കപ്പയുടെ തൊലി) സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസി സി കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ സ്‌ഥിരീകരിച്ചിരുന്നു.

ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്ക് കപ്പത്തൊണ്ട് തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ കന്നുകാലികൾ തൊഴുത്തിൽ തളർന്നു വീണു. പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽ നിന്ന് അഴിച്ചുവിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. രണ്ടു പശുക്കൾ ഗുരുതരവസ്‌ഥയിലുമായി.

അത്യാഹിതം കണ്ടു തളർന്നു വീണ മാത്യുവിനേയും അമ്മ ഷൈനിയേയും സഹോദരി റോസ്‌മേരിയേയും ഞായറാഴ്‌ച രാത്രി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഇവർ വീട്ടിലേക്ക് മടങ്ങി. ആറ് വെറ്ററിനറി ഡോക്‌ടർമാരുടെ നേതൃത്വത്തിലാണ് 13 കന്നുകാലികളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയാക്കിയത്. വീടിന് സമീപത്തെ കപ്പ ഉണ്ടാക്കുന്ന കേന്ദ്രത്തിൽ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികൾക്ക് പതിവായി നൽകിയിരുന്നതെന്നും ഇതുവരെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും ഷൈനി പറഞ്ഞു.

2020 ഒക്‌ടോബറിലാണ് ബെന്നി മരിച്ചത്. ഇതോടെ കന്നുകാലികളുടെ പരിപാലനം മാത്യു ഏറ്റെടുത്തു. പതിയെ പതിയെ കന്നുകാലികൾ മാത്യുവിന്റെ പ്രിയപെട്ടവരായി മാറി. പശുക്കളുടെ രോഗം കണ്ടുപിടിക്കാനും മാത്യുവിന് പ്രത്യേക കഴിവാണ്. അറക്കുളം സെന്റ് മേരീസ് എച്ച്‌എസ്എസ്എസിൽ പഠിക്കുന്ന മാത്യുവിന്റെ സ്വപ്‌നം ഒരു വെറ്ററിനറി ഡോക്‌ടർ ആകണമെന്നാണ്. എന്നും വെളുപ്പിനെ നാലിന് ഉണരുന്ന മാത്യു ആദ്യം തൊഴുത്ത് കഴുകി വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ച് കറവ കഴിഞ്ഞു ഇറങ്ങുമ്പോൾ ഏഴ് മണിയാകും. പിന്നീടാണ് പഠനം.

മാത്യുവിന്റെ കഥ ശ്രദ്ധയിൽപ്പെട്ട കൃഷിമന്ത്രി ജെ ചിഞ്ചുറാണി ഇടപെട്ടതോടെ തൊഴുത്ത് പണിയാൻ മിൽമ 1.5 ലക്ഷം രൂപ നൽകിയിരുന്നു. മന്ത്രി ചിഞ്ചു റാണിയും റോഷി അഗസ്‌റ്റിനും ഇന്ന് മാത്യുവിന്റെ വീട് സന്ദർശിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാത്യുവിനെ ഫോണിൽ വിളിച്ചു സഹായവാഗ്‌ദാനം നൽകിയിട്ടുണ്ട്.

അതിനിടെ, മാത്യു ബെന്നിക്ക് ആശ്വാസവുമായി നടൻ ജയറാമും സിനിമാ പ്രവർത്തകരും രംഗത്തെത്തി. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സഹായ വാഗ്‌ദാനവുമായി രംഗത്തുവന്നത്. മറ്റന്നാൾ നടത്താനിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവെച്ചു അതിനായി മാറ്റിവെച്ച അഞ്ചുലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനം. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തി തുക കൈമാറും.

Most Read| ‘എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്, അത്‌ഭുതപ്പെടാനില്ല’; ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE