തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസാണ് രണ്ട് എഫ്ഐആറുകൾ കൂടി രജിസ്‌റ്റർ ചെയ്‌തത്.
ഇതോടെ എബേൽ അഗസ്‌റ്റിനെതിരെ രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളുടെ എണ്ണം അഞ്ചായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആദ്യ കേസിൽ എബേലിന് ജാമ്യം ലഭിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മെഡിക്കൽ കോളേജിലെ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
13 വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്‌തതായി കണ്ടെത്തിയിരിക്കുന്നത്. ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നായിരുന്നു വിദ്യാർഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് കൂടുതൽ പരാതികളിൽ കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.
പാലക്കാട് സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയുമാണ് എബേൽ അഗസ്‌റ്റിൻ. മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്‌ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പോലീസ് പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്‌ളീല കുറിപ്പുകളോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.
പെൺകുട്ടികളുടെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരൂപയോഗം ചെയ്‌തതെന്നും പോലീസ് വ്യക്‌തമാക്കി. എബേലിനെ നിലവിൽ മെഡിക്കൽ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































