തിരുവനന്തപുരം: മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്‌ഥാനാർഥി മാനദണ്ഡത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് പറഞ്ഞ അദ്ദേഹം ആരെയും മാറ്റി നിർത്താനല്ല തീരുമാനമെന്നും പറഞ്ഞു. സ്‌ഥാനാർഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും കാനം രാജേന്ദ്രൻ.
സംഘടനാ ചുമതലയുള്ളവർ മൽസരിച്ചാൽ പാർട്ടിസ്‌ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാൽതന്നെ ആപേക്ഷികമായ കാര്യങ്ങൾ സ്‌ഥാനാർഥി നിർണയ തീരുമാനത്തിന് ബാധകമല്ല; അദ്ദേഹം വ്യക്‌തമാക്കി.
പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോൾ സീറ്റുകൾ കുറയുമെന്നതിനാൽ കഴിഞ്ഞ തവണ മൽസരിച്ച അത്രയും സീറ്റിൽ ഇത്തവണ മൽസരിക്കാൻ കഴിയില്ലെന്ന് കാനം പറഞ്ഞു. ഇത് സർവസാധാരണമാണ് എന്ന് പറഞ്ഞ അദ്ദേഹം സീറ്റ് നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അറിയിച്ചു.
അതേസമയം എൻസിപി മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട വാർത്തകളോട് സിപിഐ സംസ്‌ഥാന സെക്രട്ടറി പ്രതികരിച്ചില്ല. എൻസിപി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും എൻസിപി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Read Also: ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു