പത്തനംതിട്ട: അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹതയെന്ന് അധികൃതർ. ഒരാഴ്‌ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്‌ച അടൂർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇതിന് പിന്നാലെ വൈകിട്ട് അഞ്ചുമണിയോടെ മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന് തീപിടിച്ചു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തിനും തീ പിടിച്ചു. ആദ്യ സംഭവത്തിൽ അസ്വാഭാവികതകൾ ഒന്നും തോന്നിയില്ലെങ്കിലും വീണ്ടും ആവർത്തിച്ചപ്പോഴാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
ഫോറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിൽ തീ കത്തിക്കാൻ മറ്റ് രാസവസ്‌തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പോലീസിന്റെ സംശയം. അടൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
സിസിടിവികൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശമായതിനാൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. അതേസമയം, സംഭവത്തിൽ നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകാൻ വൈകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
Most Read: അനുബന്ധ സ്‌ഥാപനങ്ങളിൽ 1.17 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എയർടെൽ