തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട് തള്ളി തൃശൂർ ലോക്‌സഭാ സ്‌ഥാനാർഥികളായിരുന്ന വിഎസ് സുനിൽ കുമാറും. കെ മുരളീധരനും. പൂരം കലക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവർത്തിച്ച് പറഞ്ഞു.
ബാഹ്യയിടപെടൽ ഇല്ലെന്ന റിപ്പോർട് അംഗീകരിക്കാനാകില്ല. കമ്മീഷണർ ഒരാൾ വിചാരിച്ചാൽ മാത്രം പൂരം കലക്കാനാകില്ല. അവിടെ ഒരു ഐപിഎസുകാരൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്. പൂരം അലങ്കോലമായതിൽ ബന്ധപ്പെട്ട ആളുകൾക്ക് കൈകഴുകാനാകില്ലെന്നും സുനിൽകുമാർ പറഞ്ഞു.
അജിത് കുമാറിന്റെ റിപ്പോർട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പറഞ്ഞ മുരളീധരൻ, പൂരം കലക്കലുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അറിയിച്ചു. പൂരം കലക്കലിന്റെ ഗുണഭോക്‌താക്കൾ ബിജെപിയാണ്. ബിജെപി നേതാക്കളും ജയിച്ച അവരുടെ എംപിയും ആവശ്യപ്പെടുന്നത് ജൂഡീഷ്യൽ അന്വേഷണം വേണമെന്നാണ്. വിഎസ് സുനിൽ കുമാർ പറഞ്ഞതും ഈ റിപ്പോർട് അംഗീകരിക്കാൻ ആവില്ലെന്നാണ്.
മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് വാശിയെന്തിനാണെന്നും മുരളീധരൻ ചോദിച്ചു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. പൂരം കലങ്ങിയതോടെയാണ് അതുവരെയുണ്ടായിരുന്ന രാഷ്‌ട്രീയ ചിത്രം മാറിയത്.
അജിത് കുമാർ ഒരുവർഷം മുൻപ് ആർഎസ്എസുമായി നടത്തിയത് എങ്ങനെ ബിജെപിയെയും സിപിഎമ്മിനേയും സഹായിക്കാം എന്ന ചർച്ചയായിരിക്കും. അന്ന് പൂരം അജൻഡയിൽ ഉണ്ടായിക്കാണില്ല. പൂരത്തിന്റെ സമയത്ത് തിരഞ്ഞെടുപ്പ് ക്ളൈമാക്‌സ് ആണ്. പൂരം കലക്കിയത് അതിന്റെ പ്രയോജനം തൃശൂർ കിട്ടും. തിരുവനന്തപുരത്ത് പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അതും കലക്കിയേനെ. സംശയം ദുരീകരിക്കണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Most Read| ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി