മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്‌റ്റേറ്റിൽ ജയിംസിന്റെ താമസസ്‌ഥലത്തിനോട് ചേർന്നാണ് കടുവയെ കണ്ടത്. പട്ടാപ്പകൽ ജനവാസ കേന്ദ്രങ്ങളിൽ കടുവയെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
സൈലന്റ് വാലി ദേശീയ ഉദ്യാനത്തോട് ചേർന്ന് കിടക്കുന്ന വനപ്രദേശത്തിന്റെ താഴ്‌വാരമാണ് കുണ്ടോട. കടുവയെ കണ്ട ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ, കടുവയെ കണ്ട ചൂളിമ്മൽ എസ്‌റ്റേറ്റിന് മുകളിൽ കിലോമീറ്ററുകൾ ദൂരത്തിൽ സ്വകാര്യ വ്യക്‌തിയുടെ കൃഷിഭൂമിയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ ജോലിക്കെത്തുന്ന സ്‌ഥലം കൂടിയാണിത്. നേരത്തെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇവിടെ യുവാവ് മരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ആഴ്‌ച കൽക്കുണ്ട് ആർത്തലാക്കുന്ന് കോളനിയിൽ വളർത്തുനായയെ കടുവ കൊന്നിരുന്നു. വെള്ളാരംകുന്നേൽ പ്രകാശന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തുനായയെയാണ് കടുവ കൊന്നു തിന്നത്. ഇതോടെ നാട്ടുകാരെല്ലാം ഏറെ ഭീതിയിലായിരുന്നു. നിലവിൽ കാട്ടുപോത്ത്, പുലി, കടുവ തുടങ്ങിയ വന്യമൃഗ ശല്യത്താൽ വീർപ്പുമുട്ടുകയാണ് പ്രദേശത്തുകാർ. അതേസമയം, ജനവാസ കേന്ദ്രത്തിൽ എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നുന്ന വീഡിയോയും ഫോട്ടോയും സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Most Read: വിവാദങ്ങൾ മുറുകുന്നു, കുരുക്കിലാക്കി വാങ്കഡെ; പരാതിപ്പെട്ടാൽ അന്വേഷണം