മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മേധാവി സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടെ വാങ്കഡെയുടെ വീട് സന്ദർശിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. സന്ദർശനം നടത്തിയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദർ യഥാർഥ രേഖകൾ പരിശോധിച്ചു.
രേഖകളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്നതിന്റെ പശ്‌ചാത്തലത്തിൽ യഥാർഥ രേഖകൾ കാണുന്നതിന് വേണ്ടി ഹാൽദാർ തങ്ങളുടെ വീട് സന്ദർശിച്ചുവെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ അന്വേഷണം നടത്തുമെന്നും വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്‌കാർ പറഞ്ഞതായി എഎൻഐ റിപ്പോർട് ചെയ്‌തു.
ആര്യൻ ഖാന്റെ അറസ്‌റ്റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്‌ഥനായ വാങ്കഡെയ്‌ക്ക് എതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്‌ലിം ആയിരുന്നിട്ടും സമീർ വാങ്കഡെ യുപിഎസ്‌സി പരീക്ഷയിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.
സമീർ വാങ്കഡെയുടെ ആദ്യ ഭാര്യയായ ഷബാന ഖുറൈഷിയുടെ ചിത്രവുമായി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. വിവാഹ സർട്ടിഫിക്കറ്റിൽ സമീർ ദാവൂദ് വാങ്കഡെ എന്നായിരുന്നു പേര്. മഹർ നൽകിയ തുകയും രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ കൂടിയായിരുന്നു ആരോപണം. എന്നാൽ, ഇത് തള്ളിക്കൊണ്ട് സമീർ വാങ്കഡെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കുക എന്ന ഉദ്ദേശം മാത്രമാണ് അവർക്കുള്ളത് എന്നായിരുന്നു സമീർ വാങ്കഡെ പറഞ്ഞിരുന്നത്.
ഹൽദാറിന്റെ സന്ദർശനത്തിന് ശേഷം തങ്ങളുടെ കുടുംബം അപകടത്തിലാണെന്നും ചിലർ വീട് നിരീക്ഷിക്കുന്നുണ്ടെന്നും വാങ്കഡെയുടെ ഭാര്യ പറഞ്ഞിരുന്നു. നിലവിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചിരിക്കുകയാണ്. എന്നാൽ അറസ്‌റ്റ് ചെയ്‌ത വാങ്കഡെയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷണം നടത്താൻ തയ്യാറാണെന്നാണ് മഹാരാഷ്‌ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്‌ജയ് വ്യക്‌തമാക്കിയിരുന്നത്.
Also Read: ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്