അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയുടെ തലസ്‌ഥാനമായ അഗര്‍ത്തലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അഭിഷേക് ബാനർജി.
പശ്‌ചിമ ബംഗാള്‍ മുന്‍ മന്ത്രിയായ രാജീബ് ബാനര്‍ജിയും ത്രിപുരയിലെ ബിജെപി എംഎല്‍എയായ ആശിഷ് ദാസും റാലിയില്‍ വെച്ച് തൃണമൂലില്‍ ചേരുകയും ചെയ്‌തു. ബിജെപിയുടെ ഒരു കോട്ടയും സുരക്ഷിതമല്ലെന്ന് സൂചന നല്‍കാനുള്ള ബോധപൂര്‍വമായ നീക്കമാണ് രാജീബ് ബാനര്‍ജിയുടെ തിരിച്ചുവരവിന് അഗര്‍ത്തലയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് മമതയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്നും, ത്രിപുരയിലെ ജനങ്ങള്‍ക്ക് ഈ വാക്‌സിന്‍ രണ്ട് തവണ നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ആദ്യത്തെ ഡോസ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞടുപ്പിലും, രണ്ടാമത്തേത് 2023ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും നല്‍കുമെന്നായിരുന്നു അഭിഷേക് ബാനര്‍ജി പറഞ്ഞത്.
Read Also: ‘മരക്കാർ’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്