ഇന്ന് ലോക വൃക്കദിനം; വൃക്കകളെ സൂക്ഷിക്കാം കരുതലോടെ

ഇന്ത്യയിൽ വൃക്ക രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌താദിമര്‍ദം എന്നിവ വര്‍ധിക്കുന്നതിന് ആനുപാതികമായി വൃക്കരോഗവും വർധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

By Trainee Reporter, Malabar News
world kidney day 2023
Ajwa Travels

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മാത്രമല്ല, രക്‌തം ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ ജലാംശം, രക്‌തസമ്മർദ്ദം എന്നിവയുടെ നിയന്ത്രണത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും, അരുണ രക്‌താണുക്കളെ സൃഷ്‌ടിക്കുന്നതിനുമെല്ലാം വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോക വൃക്ക ദിനമായ ഇന്ന് വൃക്കകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നമ്മൾ ആർജിച്ചെടുക്കേണ്ടതുണ്ട്.

വൃക്കകളുടെ ആരോഗ്യത്തെ കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് ഒമ്പത് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ൽ ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.

ഇന്ത്യയിൽ വൃക്ക രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌താദിമര്‍ദം എന്നിവ വര്‍ധിക്കുന്നതിന് ആനുപാതികമായി വൃക്കരോഗവും വർധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശരീരം തരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെറിയ ചില മുൻകരുതലുകൾ എടുക്കുകയും ചെയ്‌താൽ മാത്രമേ വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ.

വൃക്കകളെ എങ്ങനെ സംരക്ഷിക്കാം

രണ്ടര മുതൽ മൂന്ന് ലിറ്റർ വെള്ളം വരെ എല്ലാ ദിവസവും കുടിക്കുക. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ വെള്ളം കുടിക്കുന്നത് ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന തരത്തിൽ കൂട്ടുകയും കുറയ്‌ക്കുകയും വേണം. കൊഴുപ്പും മധുരമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും അധിക ഉപയോഗവും വളരെയധികം കുറയ്ക്കണം.

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കണം. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്‌ക്കുക. കൂടാതെ, സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.

world kidney day 2023
Rep. Image

വൃക്കരോഗത്തിന് സാധ്യത ആർക്കെല്ലാം

പ്രമേഹം, അമിത രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ഇടയ്‌ക്കിടെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കുന്നവർ, ജൻമനാ മൂത്രനാളിയുമായി ബന്ധപ്പെട്ട് അസുഖം ഉള്ളവർ, വൃക്കയിൽ കല്ല് വന്നു ചികിൽസ തേടിയവർ, പരമ്പരാഗതമായി വൃക്കരോഗം ഉള്ളവർ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര്, മൂത്രത്തിലെ പത, മൂത്രത്തിലെ രക്‌തസാന്നിധ്യം, മൂത്രത്തിന്റെ അളവ് കുറയൽ എന്നീ ലക്ഷണങ്ങൾ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉറക്കക്കുറവ് ഒരുപരിധിവരെ വൃക്ക രോഗങ്ങൾക്ക് കാരണമാകാം. ഉറക്കം കുറയുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം വരുത്തും. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. അതുപോലെ തന്നെ, ശരീരഭാഗം ക്രമാതീതമായി വർധിക്കുന്നതിന് ശരീരപോഷണത്തിൽ വ്യതിയാനം സൃഷ്‌ടിക്കും. ഇതും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം.

ലക്ഷണങ്ങൾ മാത്രം നോക്കി സ്വയം മരുന്ന് കഴിക്കുന്നത് വൃക്കയുടേത് ഉൾപ്പടെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം എന്നിവയുടെ മരുന്നുകൾ മുടക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്.

ഇനി നമുക്ക് വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

world kidney day 2023

സവാള: വൃക്കയുടെ ആരോഗ്യം മോശമായ ആളുകൾക്കും, ക്രിയാറ്റിൻ ഉയർന്ന തോതിൽ ഉള്ളവർക്കും കഴിക്കാൻ പറ്റിയ പച്ചക്കറിയാണ് സവാള. സവാളയിൽ അടങ്ങിയിരിക്കുന്ന പ്രോസ്‌റ്റാഗ്ളാന്‍ഡിന്‍ രക്‌തത്തിന്റെ കട്ടി കുറക്കുന്നതിനാല്‍ ഉയര്‍ന്ന രക്‌തസമ്മർദ്ദം ലഘൂകരിക്കും. കൂടതെ സവാള കഴിക്കുന്നത് വൃക്ക രോഗങ്ങൾ വരാതിരിക്കാനും സഹായകരമാണ്.

മുട്ടയുടെ വെള്ള: വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമായതും ഗുണനിലവാരം ഉയർന്ന തോതിൽ ഉള്ളതുമായ ഒന്നാണ് മുട്ടയുടെ വെള്ള. കൂടാതെ ഫോസ്‌ഫറസ് തോത് കുറക്കാന്‍ ആഗ്രഹിക്കുന്ന ഡയാലിസിസ് രോഗികള്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഇത്.

വെളുത്തുള്ളി: ഭക്ഷണത്തിലെ ഉപ്പിന്റെ അംശം വൃക്ക വൃക്ക രോഗങ്ങൾ നേരിടുന്ന ആളുകൾ വളരെയധികം കുറയ്‌ക്കേണ്ടതാണ്. ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയുന്ന സാഹചര്യത്തിൽ അതിന്റെ രുചി വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. കൂടാതെ വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യ ആരോഗ്യഗുണങ്ങളും ഉണ്ട്.

കാരറ്റ്: രക്‌തസമ്മർദ്ദം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് കാരറ്റ്. ഉയർന്ന രക്‌തസമ്മർദ്ദം വൃക്ക രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ തന്നെ കാരറ്റ് വൃക്കരോഗികൾക്കും ഉത്തമമാണ്.

ഒലീവ് എണ്ണ: ഒലീവ് എണ്ണ ഫോസ്‌ഫറസ് രഹിതമായ ആരോഗ്യകരമായ കൊഴുപ്പിന്റെ സ്രോതസാണ്. അതിനാൽ തന്നെ വൃക്ക രോഗികൾക്ക് ഭക്ഷണത്തിൽ മറ്റ് എണ്ണകൾക്ക് പകരം ഒലീവ് എണ്ണ ഉപയോഗിക്കാവുന്നതാണ്.

Most Read: വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE