പാലക്കാട്: ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ- എഗ്‌മൂർ -മംഗളൂരു എക്‌സ്‌പ്രസിന് ഇരുദിശയിലേക്കും (16159, 16160) ഓരോ സ്ളീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ളീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ഒന്നുമുതലും അധിക കോച്ച് ഉണ്ടാകും.
- തിരുവനന്തപുരം സെൻട്രൽ-മംഗളൂരു മാവേലി എക്‌സ്‌പ്രസിന് ഇരുദിശയിലേക്കും (16603-16604) ഓരോ സ്ളീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ളീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ നിന്ന് നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്ന് മുതൽ തിരിച്ചുമുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും.
- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസിൽ ഇരുദിശയിലേക്കും (16630-16629) ഓരോ സ്ളീപ്പർ കോച്ച് അധികം ഏർപ്പെടുത്തി. ആകെ സ്ളീപ്പർ കോച്ച് 10 ആയി.
അതേസമയം, നവരാത്രി പൂജയോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യതിലക്- തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്‌ചയും വൈകീട്ട് നാലിന് പുറപ്പെടും. ഇത് വെള്ളിയാഴ്‌ച 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിലെ സ്‌റ്റോപ്പുകൾ: കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ.
തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് സ്‌പെഷ്യൽ എക്‌സ്‌പ്രസ് 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്‌ചകളിലും ഉച്ചയ്‌ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്‌റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും. പാലക്കാട് ഡിവിഷനിലെ സ്‌റ്റോപ്പുകൾ: ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം




































