വാഷിങ്ടൻ: അമേരിക്കയിൽ എച്ച്1 ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താനും യുഎസിൽ തുടരാനും അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (Grace Period) നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ താൽക്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഡിഎച്ച്എസ്) ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ ചട്ടഭേദഗതിപ്രകാരം, എച്ച്1 ബി വിസയോ മറ്റു ഏതാനും താൽക്കാലിക തൊഴിൽ വിസകളോ ഉള്ളവർ തൊഴിൽ അവസാനിച്ചാൽ ഉടൻ തന്നെ യുഎസ് വിടേണ്ടി വരും.
വിദേശ തൊഴിലാളികളെ വലിയതോതിൽ ആശ്രയിക്കുന്ന മുൻനിര അമേരിക്കൻ സാങ്കേതിക വിദ്യ കമ്പനികളെ ഈ നീക്കം സാരമായി ബാധിക്കും. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. എച്ച്1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.
നിയമവിധേയമായ കുടിയേറ്റത്തെയും നിയന്ത്രിക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. നേരത്തെ, വിദഗ്ധ തൊഴിലാളികൾക്കുള്ള വിസാ ഫീസിൽ വലിയ വർധനവ് കൊണ്ടുവരികയും പുതിയ പരിശീലന പദ്ധതിയുടെ പേരിൽ, ലോകമെമ്പാടുമുള്ള യുഎസ് മിഷനുകളുടെ കുടിയേറ്റ വിസാ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
പുതിയ ചട്ട ഭേദഗതി പ്രകാരം, കമ്പനികളുടെ പ്രവർത്തനങ്ങളിൽ തടസമുണ്ടായേക്കാമെന്നും എന്നാൽ ഈ തീരുമാനം അമേരിക്കൻ പൗരൻമാർക്ക് ജോലി ലഭിക്കുന്നതിന് കാരണമാകുമെന്നും ഡിഎച്ച്എസ് പറയുന്നു. 2017ലാണ് തൊഴിൽ വിസയുള്ളവർക്ക് 60 ദിവസത്തെ ഗ്രേസ് പിരീഡ് നിലവിൽ വന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































