കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി യുഎഇ; മാറ്റങ്ങൾ അറിയാം

By News Desk, Malabar News
UAE News
Ajwa Travels

അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വിവിധ സ്‌ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വരുന്നത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ 3000 വരെ ഉയര്‍ന്ന പ്രതിദിന രോഗബാധ ഇപ്പോള്‍ 1200ലേക്ക് താഴ്‌ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിക്കുന്നത്.

ഞായറാഴ്‌ച 1191 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ രോഗമുക്‌തരാവുകയും ചെയ്‍തു. പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‌ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി അറിയിച്ചു.

ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തിയേറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മൽസരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്‌റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം.

ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്‌ളിക്കേഷനിലെ ഗ്രീന്‍ സ്‌റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.

പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്‌ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

Also Read: കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE