അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും

By Desk Reporter, Malabar News
Pinarayi Vijayan and Prakash karat
Pinarayi vijayan and Prakash karat (Representational Image)
Ajwa Travels

അവിശ്വാസ പ്രമേയമെന്ന ‘പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം’ അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി പ്രതിപക്ഷം രംഗത്തുവന്നത്. സംഭവിച്ചത്; വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന കാര്യങ്ങളാണ്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ പെട്ട്, പല വിശദീകരണങ്ങളും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമിക്കുമ്പോളാണ് നിയമ സഭയില്‍ നിന്ന് കൊണ്ട് കേരളത്തിലെ മുഴുവന്‍ ജനതയെയും അഭിമുഖീകരിക്കാനും അവര്‍ക്കാവശ്യമായ വിശദീകരണം നല്‍കാനും മുഖ്യമന്ത്രിക്കും ഇടത് പക്ഷത്തിനും അവിശ്വാസ പ്രമേയത്തിലൂടെ അവസരം നല്‍കിയത്. അത് നേതൃപാഠവമുള്ള, തന്ത്ര ശാലിയായ പിണറായി വിജയനെന്ന ക്യാപറ്റന്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. തന്റെ ആരോഗ്യം പോലും എത്ര ശക്തമാണെന്ന് മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം കൊണ്ട് കേരള ജനതയെ ബോധ്യപ്പെടുത്തി.

കേരള നിയമസഭയുടെ ചരിത്രത്തിലെ 16 മത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അവതരിപ്പിച്ചത്. 15 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന നിയമസഭ ഒരു അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. 2005 ജൂലൈ 12-ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഇതിനു മുന്‍പത്തേത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ സര്‍ക്കാരിനെതിരായിരുന്നു അത്. വിഡി സതീശന്‍ ഇന്നവതരിപ്പിച്ച പ്രമേയത്തിന്മേല്‍ 5 മണിക്കൂര്‍ മാത്രമാണ് ചര്‍ച്ച അനുവദിച്ചിരുന്നതെങ്കിലും 12 മണിക്കൂറിലേക്കത് നീണ്ടു. അതും ‘നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മുഖ്യമന്ത്രിയുടെ പ്രസംഗം’ എന്ന ചരിത്രം രേഖപ്പെടുത്തിക്കൊണ്ട്.

സര്‍ക്കാരിനും ഇടത് മുന്നണിക്കും എതിരെ രൂപം കൊണ്ട ആരോപണങ്ങളുടെ കൂമ്പാരത്തിനെ പ്രതിരോധിക്കാന്‍ മാത്രമല്ല അവ വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് അവസരം കൊടുക്കുകയായിരുന്നു പ്രതിപക്ഷം. അതെ, മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ടു നിന്ന പ്രസംഗത്തിലൂടെ മുഖ്യമന്ത്രിക്ക് സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരവും വിശദമായി കേരള ജനതക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് പ്രതിപക്ഷം ഒരുക്കി നല്‍കിയത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അതേറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നതും പ്രതിപക്ഷത്തെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സഭ ചേരുന്നതിനു മുന്‍പ് വരെ പ്രതിപക്ഷത്തിന് എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. അത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാനുള്ള സാധ്യതകളും ഉണ്ടായിരുന്നു. പക്ഷെ, നല്ല തുടക്കം കിട്ടിയിട്ടും വലിയ സ്‌കോറില്‍ എത്താതെ പോയ ബാറ്റ്സ്മാനെ പോലെ പ്രമേയത്തിന്റെ അവസാനം പ്രതിപക്ഷം റണ്‍ഔട്ടായി എന്ന് പറയുന്നതാവും ഉചിതം. മത്സരത്തിനൊടുവില്‍ പിണറായി വിജയന്‍ ഫിനിഷറുടെ സ്ഥാനം കൂടി ഏറ്റെടുത്തതൊടെ പ്രതിപക്ഷത്തിന്റെ പതനം സമ്പൂര്‍ണവുമായി.

രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇന്നത്തെ അവിശ്വാസപ്രമേയം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഇടഞ്ഞു നിന്നിരുന്ന ഇടത് നേതാക്കള്‍ പോലും പിണറായിയുടെ ഇന്നത്തെ നേതൃപാടവത്തിന് മുന്നില്‍ കയ്യടിക്കുകയാണ്. വിമാനത്താവളം, സ്വര്‍ണക്കടത്ത്, കണ്‍സള്‍ട്ടന്‍സി, കെടി ജലീല്‍, പിഎസ്സി നിയമനം, ലൈഫ് മിഷന്‍, മാവോയിസ്റ്റ് ബന്ധം, സ്പ്രിംഗ്ലര്‍, കോവിഡ് രോഗികളുടെ ഫോണ്‍ രേഖ, വികസനം തുടങ്ങി നീണ്ടു കിടന്ന പലവിധ ആരോപണങ്ങള്‍ കാരണം മനംമടുത്ത്, നിറംമങ്ങിയ ഇടതു പാളയങ്ങള്‍ ഇന്നത്തെ അവിശ്വാസ പ്രമേയത്തോടെ കരുത്തുറ്റതായി എന്നതാണ് യാഥാര്‍ഥ്യം. മഖ്യമന്ത്രിയുടെ മറുപടിയില്‍ ഇടത് ചേരിയിലെ സമ്പൂര്‍ണ്ണ ആദര്‍ശ വാദികളായ നേതാക്കള്‍ ഉള്‍പ്പടെ എല്ലാവരും പൂര്‍ണ്ണ തൃപതരാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്.

തനിക്ക് നഷ്ട്ടപ്പെട്ടുകൊണ്ടിരുന്ന പ്രതിച്ഛായ ശക്തമായി തിരിച്ചു പിടിക്കുകയും ക്യാപ്റ്റന്‍സി ഒന്നുകൂടി ശക്തമായി ഉറപ്പിക്കുകയും ചെയ്തു കൊണ്ടാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്. ഇതിനെല്ലാം പുറമെ, 4 വര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം നയാപൈസ ചിലവില്ലാതെ ചാനലുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു എന്നതാണ് അവിശ്വാസ പ്രമേയത്തിന്റെ മറ്റൊരു വശം. അവിശ്വാസപ്രമേയം തള്ളി എന്നതല്ല പരാജയം; അതിനുമപ്പുറം വലിയ രാഷ്ട്രീയ പരാജയമായിരുന്നു ഇന്നത്തെ അവിശ്വസ പ്രമേയം എന്നത് പ്രതിപക്ഷം തിരിച്ചറിഞ്ഞില്ലങ്കില്‍ അത് വലിയ വില നല്‍കേണ്ടി വരുന്ന വിഡ്ഢിത്തരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE