ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ ഉയർത്തിയാവും പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധിക്കുക. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാകാത്ത സാഹചര്യം ഇന്നും പ്രതിപക്ഷം ചോദ്യം ചെയ്യും.
അവിശ്വാസ പ്രമേയം തള്ളിയെങ്കിലും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്‌തമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് ‘ഇന്ത്യ’ മുന്നണി യോഗം ഇന്ന് ചേരുന്നുണ്ട്. പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. രാവിലെ പത്തരയ്‌ക്ക് പാർലമെന്റിലെ ഓഫീസിലാണ് യോഗം. ശേഷം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ യോഗവും ചേരും.
സഭയിൽ ഇന്ന് സ്വീകരിക്കേണ്ട പ്രതിഷേധ നടപടികളും ചർച്ചയാകും. അതേസമയം, അസാധാരണമായ നടപടിക്കെതിരെ സഭയ്‌ക്ക് പുറത്ത് പ്രതിഷേധിക്കണമോ എന്ന കാര്യം ഇന്നത്തെ യോഗത്തിലാവും തീരുമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച അധിർ ചൗധരിയെ ലോക്‌സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇത് ആദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെടുന്നത്.
Most Read| പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ