കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനിക്കുക. ജെയ്‌ക് സി തോമസിന്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്‌ഥാനാർഥി പ്രഖ്യാപനം.
ഇന്ന് മുതൽ നാല് ദിവസം ചേരുന്ന സിപിഎം സംസ്‌ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് പുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടറിയേറ്റിൽ ചർച്ചയായേക്കും. വിവാദങ്ങൾ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾക്കും നേതൃയോഗങ്ങൾ രൂപം നൽകും. അതേസമയം, എൻഡിഎയും ഇന്ന് സ്‌ഥാനാർഥിയെ തീരുമാനിക്കുമെന്നാണ് റിപ്പോർട്.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനമിറക്കിയിരുന്നു. ഈ മാസം 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാർഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ അറിയിച്ചു.
Most Read| ‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി