ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കുമെന്നും മോദി വ്യക്‌തമാക്കി.
അതേസമയം, പ്രധാനമന്ത്രി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്ന് ആരോപിച്ചു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. കേന്ദ്രത്തിന്റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയർത്തി.
ഇത് സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മോദി വിമർശിച്ചു. മോദിയുടെ പ്രസംഗം തടസപ്പെടുത്തിയതിന് കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്‌ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്‌തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ അവിശ്വാസ പ്രമേയം ശബ്‌ദ വോട്ടോടെ സഭ തള്ളി. സത്യം പറയുമ്പോൾ പ്രതിപക്ഷം ഇറങ്ങിപ്പോകുന്നുവെന്ന് കുറ്റപ്പെടുത്തിയ മോദി, പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
പ്രതിപക്ഷത്തിന് കേൾപ്പിക്കാനാണ് താൽപര്യം. കേൾക്കാൻ താൽപര്യമില്ല. ആഭ്യന്തര മന്ത്രിയെ മണിപ്പൂർ ചർച്ചക്ക് അനുവദിച്ചിരുന്നെങ്കിൽ ചർച്ച മണിപ്പൂർ വിഷയത്തിൽ മാത്രമാകുമായിരുന്നു. എന്നാൽ, അതനുവദിക്കാതെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതിനാലാണ് എല്ലാ വിഷയവും മറുപടി പ്രസംഗത്തിൽ പരാമർശിച്ചത്. പക്ഷേ സർക്കാർ ചർച്ചക്ക് വിളിച്ചപ്പോൾ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കാൻ ശ്രമിച്ചുവെന്നും മോദി വിമർശിച്ചു.
രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണ്. മണിപ്പൂർ വികസനത്തിന്റെ പാതയിലേക്ക് വരും. എന്നാൽ, പ്രതിപക്ഷം സഭയിൽ ഭാരത മാതാവിനെ കുറിച്ച് പറഞ്ഞത് വിഷമിപ്പിച്ചു. ഭാരത മാതാവിനെ അപമാനിച്ചത് ക്ഷമിക്കാനാകില്ല. മണിപ്പൂരിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും. ഭാരത മാതാവിനെ ഭിന്നിപ്പിച്ചതാണ് കോൺഗ്രസിന്റെ ചരിത്രം. വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് തകർത്തുവെന്നും മോദി വിമർശിച്ചു.
Most Read| കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് എതിരായ നടപടികൾക്ക് സ്‌റ്റേ