ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ‘ഭാരത് മാതാവ്’ പരാമർശം മാപ്പ് അർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാവ് പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും, നിരാശയിൽ നിന്നാണ് രാഹുലിന്റെ പരാമർശമെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണവും മോദി പ്രസംഗത്തിൽ ആയുധമാക്കി. അഹങ്കാരമാണ് കോൺഗ്രസിനെ 400 സീറ്റിൽ നിന്ന് 40തിലേക്ക് എത്തിച്ചതെന്നും, കോൺഗ്രസിന്റെ ചിഹ്‌നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്റെ കൈയിലെന്നത് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു.
അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദിയെന്ന് പറഞ്ഞാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോട് ജനങ്ങൾ അവിശ്വാസം കാണിച്ചു. 2024ൽ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടേയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്‌തു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചു ഒന്നര മണിക്കൂർ പിന്നിട്ടിട്ടും മണിപ്പൂർ വിഷയം പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇത് സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും മോദി വിമർശിച്ചു. പ്രതിപക്ഷത്തിന് രാഷ്‌ട്രീയക്കളി മാത്രമാണ് താൽപര്യം. മണിപ്പൂരിൽ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്. വിഷയത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
Most Read| വീണക്കെതിരായ മാസപ്പടി വിവാദം; മാദ്ധ്യമ വാർത്തയ്‌ക്ക് യാഥാർഥ്യവുമായി ബന്ധമില്ല- സിപിഎം