കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ് വിദഗ്‌ധ സംഘത്തിൻറെ വിലയിരുത്തൽ. ഭൗമ ശാസ്‌ത്രജ്‌ഞൻ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി സമഗ്ര പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കും.
സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ തറയ്‌ക്ക് അടിയിലേക്ക് ഒഴുകുന്നതായാണ് സംഘം കണ്ടെത്തിയത്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്നതാകാം ശബ്‌ദത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, കൂടുതൽ പ്രദേശത്ത് ഭൗമശാസ്‌ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. മൂന്നാഴ്‌ച മുമ്പാണ് പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ നിന്ന് അജ്‌ഞാത ശബ്‌ദം കേൾക്കാൻ തുടങ്ങിയത്.
ഠും ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത് പതിവായിരുന്നു. കൂടാതെ, ഡൈനിങ് ഹാളിൽ പാത്രത്തിൽ നിറച്ചു വെച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്‌തു. വീടിന് താഴെ നിൽക്കുമ്പോൾ മുകളിൽ നിന്നും മുകളിൽ നിൽക്കുമ്പോൾ താഴെ നിന്നും കേൾക്കുന്ന തരത്തിലാണ് ശബ്‌ദം. രണ്ടു ദിവസങ്ങളിലായി പകലും ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു. ഇതോടെ അഗ്‌നി രക്ഷാ സേന, ജിയോളജി വകുപ്പ് തുടങ്ങിയവർ വീട്ടിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പരിശോധനയ്‌ക്കായി വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നത്.
Most Read: രക്‌തം വാർന്ന് മരണം; നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്