ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണം. ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആരോപണം ഉയര്‍ന്നത്. ഹത്രസ് സന്ദർശിക്കാൻ പോകുന്ന രാഹുൽ ഗാന്ധിയുമായി ലല്ലു ചേരുന്നത് തടയാൻ വേണ്ടിയുള്ള നടപടിയാണ് ഇതെന്ന് കോൺഗ്രസ് വക്‌താവ് അൻഷു അവസ്‌തി പറഞ്ഞു.
Related News: തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രസിലേക്ക്
വെള്ളിയാഴ്‌ച വൈകുന്നേരം തന്നെ അജയ് ലല്ലുവിന്റെ ലക്‌നൗവിലെ വീടിന് മുന്നില്‍ ഒരു സംഘം പോലീസ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വിശദീകരിച്ചു. എവിടെയും പോകാന്‍ പോലീസ് അനുവദിച്ചില്ല എന്ന് ലല്ലു വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
‘സര്‍ക്കാര്‍ എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? ആരെയാണ് രക്ഷപെടുത്താന്‍ ശ്രമിക്കുന്നത്? യുപിയിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. സംസ്ഥാനത്ത് നിലവില്‍ നിയമ വ്യവസ്‌ഥ ഇല്ല’-അജയ് ലല്ലു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു സര്‍ക്കാരിന് എങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്നും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും യുപി കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.