ന്യൂഡെൽഹി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ അവയുടെ നിക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ നാലായി തിരിക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച പഠന സമിതിയുടെ ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും, 100–1000 കോടി ഉള്ളവ രണ്ടാം തട്ടിലും 1000–10,000 കോടി നിക്ഷേപമുള്ളവ മൂന്നാം തട്ടിലും 10,000 കോടിക്ക് മുകളിൽ ഉള്ളവ നാലാം തട്ടിലുമായി വേർതിരിക്കണമെന്ന് സമിതിയുടെ ശുപാർശയിൽ പറയുന്നു.
ഇതിന് പുറമെ ഓരോന്നിനും വ്യത്യസ്‌ത നിയന്ത്രണ വ്യവസ്‌ഥകൾ കൊണ്ടു വരണമെന്നും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. ബാങ്കിന്റെയും ഇടപാടുകാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് കൂടുതൽ വ്യവസ്‌ഥകൾ ഏർപ്പെടുത്തുന്നത്. പ്രതിസന്ധി നേരിടുകയോ വ്യവസ്‌ഥകൾ പാലിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ബാങ്കിനെ മറ്റൊരു അർബൻ സഹകരണ ബാങ്കിൽ ലയിപ്പിക്കണമെന്നും ശുപാർശയിലുണ്ട്.
സാധാരണ ഗതിയിൽ അർബൻ ബാങ്കുകൾ തമ്മിൽ ലയിച്ചാൽ റിസർവ് ബാങ്ക് ഇടപെടേണ്ടതില്ലെന്നും റിപ്പോർട് നിർദ്ദേശിക്കുന്നു. അർബൻ ബാങ്കുകൾക്കായി ഒരു അപ്പെക്‌സ് സ്‌ഥാപനം രൂപീകരിക്കാനുള്ള സാധ്യതയും ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു; ‘തലൈവി’ ആദ്യ റിലീസ്