വാഷിങ്ടൻ: അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. എച്ച് 1 ബി വിസയിൽ ജോലി ചെയ്യാനെത്തുന്ന വിദേശികളായ ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.
മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്ജെമിനൈ എന്നിവയ്ക്ക് പുറമെ കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ എന്നീ ഇന്ത്യൻ കമ്പനികളെയും പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെർമനന്റ് ലേബർ സർട്ടിഫിക്കേഷന് പുറത്തുള്ള കമ്പനികൾക്ക് അവരുടെ ജീവനക്കാർക്കായി ഗ്രീൻ കാർഡിന് അപേക്ഷിക്കാനാകില്ല.
അമേരിക്കക്കാർക്ക് കിട്ടേണ്ട ജോലി വിദേശികൾ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഈ എട്ട് കമ്പനികൾക്കെതിരെയുള്ള നടപടി വൈസ് പ്രസിഡണ്ട് ജെഡി വാൻസിന്റെ സാന്നിധ്യത്തിൽ ലേബർ സെക്രട്ടറി കെയ്ത്ത് സോണ്ടർലിങ് പ്രഖ്യാപിച്ചത്. യുഎസ് ആന്റി ഫ്രോഡ് ടാസ്ക് ഫോഴ്സിന്റെ മേൽനോട്ടത്തിലുള്ള നടപടികളുടെ ഭാഗമാണിത്.
അമേരിക്കൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിൽ ഏറ്റവും മുന്നിലുള്ളത് മൈക്രോസോഫ്റ്റ് ആണെന്നും ലേബർ സെക്രട്ടറി പറഞ്ഞു. യേൽ, ഹാർവഡ്, സ്റ്റാൻഫഡ് സർവകലാശാലകൾ വിദേശികളായ വിദഗ്ധരുടെ സേവനത്തിനായി പ്രയോജനപ്പെടുത്തുന്ന എക്സ്ചേഞ്ച് വിസാ പ്രോഗ്രാമിൽ അന്വേഷണം നടത്തുമെന്നും വാൻസ് പ്രഖ്യാപിച്ചു.
വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി






































