വാഷിങ്ടൻ: പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്‌ക്ക് ഒരു വനിതാ പ്രസിഡണ്ട് ഉണ്ടാകുമോയെന്ന ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ ലോകം. നിർണായക സംസ്‌ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ് മാത്രമാണുള്ളതെന്ന് പുതിയ അഭിപ്രായ സർവേകൾ പറയുന്നു.
വാശിയേറിയ പോരാട്ടമാണ് ഡൊണാൾഡ് ട്രംപും കമല ഹാരിസും കാഴ്‌ചവെക്കുന്നത്. പരസ്‌പരം വിമർശനങ്ങളും അധിക്ഷേപങ്ങളും വ്യക്‌തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളും ഫലവും മാറിമറയുകയാണ്. 16 കോടിയിലേറെ വോട്ടർമാരിൽ പകുതിയോളം പേർ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്‌ച രാവിലെ മുതൽ ഫലം അറിഞ്ഞു തുടങ്ങും.
കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്‌റ്റേറ്റുകൾ) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസും. യുഎസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക മുഹൂർത്തമാണ്. കാരണം, കക്ഷിരാഷ്‌ട്രീയത്താൽ മാത്രമല്ല ഇരുചേരികൾ രൂപപ്പെട്ടിരിക്കുന്നത്.
ലിംഗഭേദവും കുടിയേറ്റവും പശ്‌ചിമേഷ്യാ സംഘർഷം പോലുള്ള ആഗോള പ്രശ്‌നങ്ങളും അതിന് കാരണമാണ്. സാധാരണയായി രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥയെ സംബന്ധിച്ച ആശങ്കകളാണ് വോട്ടർമാരുടെ തീരുമാനത്തെ നിർണയിച്ചിരുന്നത്. എന്നാൽ, സ്വത്വം, ലിംഗസമത്വം, കുടിയേറ്റ പരിഷ്‌കരണം എന്നിവയാണ് ഇത്തവണ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും