കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച്‌ആർഎം) എന്ന സംഘടനയുടെ സംസ്‌ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെൽവരാജ്, തെക്കൻ മേഖല ഓർഗനൈസർ ചെറുന്നിയൂർ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രൻ, ചെറിയന്നൂർ സ്വദേശി മധു, വർക്കല സ്വദേശി സുര, അയിരൂർ സ്വദേശി പൊന്നുമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിചാരണ കോടതി പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതേസമയം, അഞ്ചാം പ്രതിയായ സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഡിഎച്ച്‌ആർഎം സംഘടനയെ ജനശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തിയ കൊലപാതകം ആയിരുന്നു ഇതെന്നാണ് പ്രോസിക്യൂഷൻ കേസ്.
2009 സെപ്റ്റംബർ 23ന് പുലർച്ചെ 5.30ന് ആണ് വർക്കല അയിരൂർ സ്വദേശി ശിവപ്രസാദിന്റെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തിയത്. ഡിഎച്ച്‌ആർഎം എന്ന സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും, സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് കൃത്യം നടത്തിയതെന്നായിരുന്നു പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പോലിസിന്റെ കണ്ടെത്തൽ.
ശിവപ്രസാദിനെ കൊലപ്പെടുത്തിയതിന് പിന്നാലെ അയിരൂരിന് സമീപം മാവിളക്കുന്നിൽ ചായക്കട ഉടമ അശോകനെയും ആക്രമികൾ കടയിലെത്തി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഒരു സംഘടന ജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി കൊല നടത്തുമോ എന്ന തരത്തിലുള്ള വിമർശനങ്ങൾ പിന്നീട് ഉയർന്നിരുന്നു. എന്നാൽ, പോലീസ് കുറ്റപത്രം സംഘടനക്ക് എതിരായിരുന്നു. വർക്കലയിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതികളുടെ ആക്രമണങ്ങളും കൊലപാതകവും. തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഏഴ് പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്.
Most Read: സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി