ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ.
ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്‌ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ളോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്‌റ്റീവൻ സ്‌പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.
ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്‌ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.
ആകെ 23 മൽസര വിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം വിൽ സ്‌മിത്ത് സ്വന്തമാക്കി. ‘കിംഗ് റിച്ചാർഡി’ലെ അഭിനയത്തിനാണ് പുരസ്‍കാരം. മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‍കാരം ജസീക്ക ചസ്‌റ്റെയ്ൻ സ്വന്തമാക്കി. ‘ദ ഐയ്‌സ് ഓഫ് ടാമി ഫയേ’യിലെ അഭിനയത്തിനാണ് പുരസ്‍കാരം. 45കാരിയായ ജസീക്കയുടെ ആദ്യ ഓസ്‌കർ പുരസ്‌കാരമാണിത്.
- മികച്ച ചിത്രം- കോഡ
- മികച്ച ഡോക്യുമെന്ററി- സമ്മര്‍ ഓഫ് സോള്‍
- അവലംബിത തിരക്കഥ- ഷോൺ ഹെഡർ (കോഡ)
- മികച്ച തിരക്കഥ- കെന്നെത്ത് ബ്രനാഗ് (ബെല്‍ഫാസ്‌റ്റ്)
- വസ്‌ത്രാലങ്കാരം- ജെനി ബെവൻ (ക്രുവെല)
- വിദേശ ഭാഷാ ചിത്രം- ഡ്രൈവ് മൈ കാർ
- മികച്ച സഹനടി അരിയാനോ ഡെബോസ്
- മികച്ച സഹനടൻ- ട്രോയ് കോട്‍സര്‍
- മികച്ച ആനിമേറ്റഡ് ഫിലിം- എൻകാന്റോ
- ലൈവ് ആക്ഷൻ (ഷോര്‍ട്)- ‘ദ ലോംഗ് ഗുഡ്‍ബൈ
- മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ
- ബെസ്‌റ്റ് ഡോക്യുമെന്ററി- ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോൾ
- മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം- ദ വിൻഡ്‍ഷീല്‍ഡ് വൈപര്‍
Most Read: ദേശീയ പണിമുടക്ക്; ബംഗാളിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു, കേരളത്തിലെ തെരുവുകൾ ശൂന്യം