ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് രാജ്യം. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽ പാളങ്ങൾ തടഞ്ഞു. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഇടതുപക്ഷ പിന്തുണയുള്ള പ്രകടനക്കാർ വൻതോതിൽ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
കേരളത്തിലെ എല്ലാ സർക്കാർ ഓഫിസുകളും പണിമുടക്കിന്റെ ആദ്യ ദിവസം അടഞ്ഞുകിടക്കുന്ന കാഴ്‌ചയാണ് ഉള്ളത്. ചിലയിടത്ത് സ്വകാര്യ വാഹനങ്ങളിൽ എത്തിയവരെ സമരക്കാർ തടയുന്ന സ്‌ഥിതിയും ഉണ്ടായി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ചില സ്‌ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്.
അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ വലിയ പ്രതിഷേധമാണിത്. 20 കോടിയോളം പ്രതിഷേധക്കാർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പണിമുടക്കിൽ രാജ്യത്തുടനീളമുള്ള 20 കോടിയിലധികം ഔപചാരികവും അനൗപചാരികവുമായ തൊഴിലാളികളുടെ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു; ഓൾ ഇന്ത്യൻ ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി അമർജീത് കൗർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് അർധരാത്രി തുടങ്ങി, 29ആം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. മോട്ടോർ വാഹന തൊഴിലാളികൾക്ക് പുറമെ കേന്ദ്ര-സംസ്‌ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.
പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം നിർത്തി വെക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Most Read: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി