നേത്ര രോഗങ്ങളെ കരുതിയിരിക്കാം, ജാഗ്രത അനിവാര്യം; മന്ത്രി വീണ ജോർജ്

By Team Member, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോക കാഴ്‌ചാ ദിനം ആചരിക്കുന്നത്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും, ഭേദമാക്കാൻ സാധിക്കാത്ത അന്ധത നിയന്ത്രിക്കുന്നതിനുമായി പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ലോക കാഴ്‌ചാ ദിനത്തിനുള്ളത്.

സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായ ആളുകൾക്കും കാഴ്‌ച പരിശോധന നടത്തി കാഴ്‌ച കുറവുള്ളവർക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ളോക്കോമ എന്നിവയ്‌ക്ക്‌ പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് കാഴ്‌ചാ ദിനത്തിൽ ലക്ഷ്യമിടുന്നത്. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്ര രോഗ ഡോക്‌ടറെ കണ്ട് പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്‌തമാക്കി.

ആരംഭത്തിൽ ചികിൽസ ഉറപ്പാക്കിയാൽ പല നേത്രരോഗങ്ങളും ഭേദമാക്കാൻ സാധിക്കും. കോവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചിലവിടുന്നത്. നിശ്‌ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാൻ പാടുള്ളൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്‌പര്‍ശിക്കുകയും ചെയ്യരുത്.

കൃത്യമായ ഇടവേളകളില്‍ കാഴ്‌ച പരിശോധന നടത്തേണ്ടതും അനിവാര്യമാണ്. സണ്‍ ഗ്ളാസുകള്‍ ധരിക്കുന്നത് വഴി അള്‍ട്രാവൈലറ്റ് രശ്‌മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയും. സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും സ്‌കൂള്‍ പഠനത്തിനിടയ്‌ക്കും സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ എല്ലാ വര്‍ഷവും കുട്ടികളുടെ കാഴ്‌ച പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. അതേസമയം കുട്ടികളിൽ ഉണ്ടാകുന്ന അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിൽസിച്ച് ഭേദമാക്കാവുന്നതും ആണെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്.

ശരിയായ ചികിൽസ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍ (refractive error), കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജൻമനായുള്ള തിമിരം, ജൻമനായുള്ള ഗ്ളോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി എന്നിവയാണ് അന്ധതയുടെ പ്രധാന കാരണം. കുട്ടികളുടെ കാഴ്‌ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ കുട്ടികളിൽ നേത്രപരമായ ചികിൽസകൾ എത്രയും പെട്ടെന്ന് തന്നെ ഉറപ്പ് വരുത്തേണ്ടതുണ്ട്.

Read also: വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും; ഹരീഷ് വാസുദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE