എടക്കര: സമൂഹമാദ്ധ്യമത്തിലൂടെ പോലീസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. പോത്തുകല്ല് കോടാലിപ്പൊയിൽ മുണ്ടമ്പ്ര സ്വദേശി അബ്‌ദുറഹ്‌മാൻ (36) ആണ് അറസ്‌റ്റിലായത്. ഇയാൾ വെല്ലുവിളിക്കിടയിൽ പേരും വിലാസവും വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഈ മാസം ഒമ്പതിനാണ് യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. തുടർന്ന് അന്നുതന്നെ പോലീസ് യുവാവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
തുടർന്ന് ഇന്നലെയാണ് കോടാലിപ്പടിയിൽ വെച്ച് യുവാവ് അറസ്‌റ്റിലാവുന്നത്. അടുത്തിടെ കൊല്ലത്ത് ബാങ്കിന് മുന്നിൽ വരി നിൽക്കുന്നവർക്കെതിരെ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് പോലീസ് നടപടിയെടുക്കുന്നത് കണ്ട് പ്രതികരിച്ച യുവതിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു യുവാവും വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്.
പോലീസിനെ ഭീഷണിപ്പെടുത്തി ജോലിയിൽ നിന്ന് നിരൂൽസാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പോത്തുകല്ല് എസ്‌ഐ കെ അബ്ബാസ്, എസ്‌സിപിഒ അബ്‌ദുൽ സലിം, സിപിഒ കൃഷ്‌ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also: അടച്ചിട്ടതിൽ പ്രതിഷേധം; സൂചിപ്പാറ വെള്ളച്ചാട്ടം തുറന്നു