കൽപ്പറ്റ: വനം വകുപ്പിന് കീഴിലെ സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട കേസ് ഒരാഴ്‌ച മുമ്പാണ് ഹൈക്കോടതി തീർപ്പാക്കിയിരുന്നത്. എന്നാൽ, കോടതി വിധി ഉണ്ടായിട്ടും സൂചിപ്പാറ തുറന്നിരുന്നില്ല. ഇതിൽ കച്ചവടക്കാർ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് സൂചിപ്പാറ തുറന്നത്.
നിലവിൽ ഒരുദിവസം 1,200 പേരെ പ്രവേശിക്കാമെന്നാണ് കോടതി വിധി. രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് സഞ്ചാരികൾക്ക് പ്രവേശനസമയം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 59 രൂപയും, വിദ്യാർഥികൾക്ക് 25 രൂപയുമാണ് ഫീസ്. അതേസമയം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സർക്കാർ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 12 മുതൽ ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിരുന്നു.
എന്നാൽ, സൂചിപ്പാറ ഉൾപ്പെടുന്ന മേപ്പാറ പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സൂചിപ്പാറ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്‌ചിതത്വം ഉണ്ടായത്. എന്നാൽ, ഈ വാർഡുൾപ്പെട്ട സ്വകാര്യ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരകണ്ടി തുറന്ന് പ്രവർത്തിച്ചിരുന്നു. ഇവിടേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തിയതോടെയാണ് നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധവുമായി ഇറങ്ങിയത്.
തുടർന്ന്, ആരോഗ്യ വകുപ്പിന്റെ റിപ്പോർട് അനുസരിച്ച് ഒമ്പതാം വാർഡിനെ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് ഈ മാസം 12ന് കളക്‌ടർക്ക് കത്ത് നൽകുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വനംവകുപ്പ് അധികൃതർ കേന്ദ്രം തുറക്കുന്ന തീരുമാനത്തിൽ എത്തിയത്. അതേസമയം. ഓണത്തിന് നിരവധി പേരാണ് സൂജിയപ്പാറയ്‌ക്കടുത്തുള്ള തൊള്ളായിരകണ്ടിയിൽ എത്തിയത്.
സൂചിപ്പാറ ലക്ഷ്യമാക്കിയാണ് ഇവിടേക്ക് ആളുകൾ വരുന്നത്. എന്നാൽ, കേന്ദ്രം അടഞ്ഞുകിടക്കുന്നത് കണ്ടതോടെ എല്ലാവരും നിരാശരായി മടങ്ങി പോവുകയാണ് ചെയ്‌തത്. സൂചിപ്പാറ അടച്ചിട്ടതിനാൽ ഓണം അനുബന്ധിച്ചുള്ള മികച്ച വരുമാനമാണ് നഷ്‌ടമായതെന്ന് അധികൃതർ പറഞ്ഞു. സൂചിപ്പാറ തുറന്ന ആദ്യ ദിവസമായ ഇന്നലെ നിരവധി സഞ്ചാരികൾ വെള്ളച്ചാട്ടം കാണാൻ എത്തി.
Read Also: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു