കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, ജില്ലയ്‌ക്ക് ആശ്വാസമായി ഒരു തദ്ദേശ സ്‌ഥാപനത്തിൽ പോലും സമ്പൂർണ ലോക്ക്‌ഡൗൺ ഇല്ല.
അതേസമയം, മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കള്ളാർ, കോടോം-ബേളൂർ, ബേഡഡുക്ക പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭയിലെ 8,10,22,24 വാർഡുകൾ, കാഞ്ഞങ്ങാട് നഗരസഭയിലെ 10,15,24 വാർഡുകൾ കാസർഗോഡ് നഗരസഭയിലെ പത്താം വാർഡ് എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ ഡബ്‌ളൂഐപിആർ നിരക്ക് അഞ്ചിന് മുകളിൽ ഉള്ളതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതെന്ന് കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു.
മൈക്രോ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമാണ പ്രവർത്തനങ്ങൾ, ഹോട്ടലുകൾ(പാഴ്‌സൽ മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. അതേസമയം ബാങ്കുകൾ ഉച്ചയ്‌ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ജില്ലയിൽ ഇന്നലെ 619 പേർക്കായിരുന്നു കോവിഡ് സ്‌ഥിരീകരിച്ചത്.
Read Also: സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345.5 കിലോ പച്ചരി പിടികൂടി