ഇരിട്ടി: റേഷൻ കടയിൽ നിന്ന് സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ പച്ചരി പിടികൂടി. വള്ളിത്തോട് 93 ആം നമ്പർ റേഷൻ കടയിൽ നിന്ന് കടത്തിയ 345.5 കിലോ പച്ചരിയാണ് ഇരിട്ടി താലൂക്ക് സപ്ളൈ വിഭാഗം പിടികൂടിയത്. ഇതേതുടർന്ന്, 93 ആം നമ്പർ റേഷൻ കട ഉടമ എംജി ഐസക്കിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും ശുപാർശ ചെയ്‌തു.
റേഷൻ അരി കണ്ടെത്തിയ ഗോഡൗൺ ഉടമയ്‌ക്ക് എതിരെയും കേസ് എടുക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റേഷനിങ് ഇൻസ്‌പെക്‌ടർ പികെ വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് വിളമന വില്ലേജ് ഓഫിസർ സിബി മാത്യുവിന്റെ സാന്നിധ്യത്തിൽ സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിൽ നിന്ന് അരി പിടിച്ചെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത അരി വള്ളിത്തോടെ 94 ആം റേഷൻ കടയിലെ സ്‌റ്റോക്കിൽ ചേർക്കുകയും ചെയ്‌തു. അതേസമയം, റേഷൻ കടയിലുള്ള മറ്റു സ്‌റ്റോക്കുകളിലും വ്യത്യാസം ഉള്ളതായി കണ്ടെത്തിയിരുന്നു. 388 കിലോ പുഴുങ്ങലരി, 100 കിലോ ആട്ട, 8 കിലോ ഗോതമ്പ് എന്നിവ അധികമായി കണ്ടെത്തിയിട്ടുണ്ട്.
Read Also: നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി