കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു. എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി ജാമ്യവ്യവസ്‌ഥ നിശ്‌ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത പറഞ്ഞു.
എവിടെയായാലും അറസ്‌റ്റ് അനിവാര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ നിലപാട് എടുക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാല്‍ ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയില്ല. കേസ് നാളത്തേക്ക് മാറ്റി. ഈ മാസം 30ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്‌തമാക്കി.
നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന് എഡിജിപിയും അഭ്യർഥിച്ചു. ഇതിനിടെ പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
Most Read: ബംഗാളി നടി ബിദിഷയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി