ന്യൂഡെൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. റെയിൽവേ ഉദ്യോഗം രാജിവെച്ചാണ് ഇരുവരും എഐസിസി ആസ്‌ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മൽസരിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ഐഐസിസി ആസ്‌ഥാനത്ത് എത്തിയത്. കായിക താരങ്ങൾ നീതിക്ക് വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെസി വേണുഗോപാൽ പറഞ്ഞു.
”കർഷകർക്ക് വേണ്ടിയും ഗുസ്‌തി താരങ്ങൾ പോരാടി. അവരുടെ ദേശസ്‌നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണ് വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെയാണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും” കെസി വേണുഗോപാൽ പറഞ്ഞു.
ഈ മാസം നാലിന് ഡെൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചത്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികയ്‌ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്‌ച ചേർന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്‌ച.
അതേസമയം, ഇരുവരുടെയും രാഷ്‌ട്രീയ പ്രവേശനത്തിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്‌തിപരമാണെന്നാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്‌ദാനങ്ങളും രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്‌ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവെച്ച ദൗത്യം അവസാനിപ്പിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി