‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’; വയോധികയുടെ മീൻകുട്ട തട്ടിയെറിഞ്ഞ് പോലീസ്; അതിരുകടന്ന് അക്രമം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’, പാരിപ്പള്ളിയിൽ റോഡരികിൽ ഇരുന്ന് മീൻവിൽപന നടത്തിയതിന് പോലീസിന്റെ അക്രമത്തിന് ഇരയായ വയോധികയുടെ വാക്കുകളാണിവ. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. പാരിപ്പള്ളി പറവൂർ റോഡിൽ പാമ്പുറത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. കോവിഡ് ചട്ടങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ വിൽപനക്ക് കൊണ്ടുവന്ന മീനുകൾ കുട്ടയോടെ പോലീസ് വലിച്ചെറിയുകയായിരുന്നു.

സമാനമായ അനുഭവം പാരിപ്പള്ളിയിൽ കച്ചവടത്തിനെത്തിയ മറ്റ്‌ മൽസ്യകച്ചവടക്കാരായ സ്‌ത്രീകൾക്കും നേരിടേണ്ടി വന്നിരുന്നു. അന്നന്നത്തെ അന്നം കണ്ടെത്തുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് പാരിപ്പള്ളിയിലേക്ക് മൽസ്യകച്ചവടത്തിനായി ഇവർ എത്തുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മേരിക്കും സുഹൃത്തുക്കൾക്കും 3000 രൂപ പാരിപ്പള്ളി പോലീസ് പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് മീൻകുട്ടകൾ വലിച്ചെറിഞ്ഞത് എന്ന് പോലീസിന്റെ അക്രമത്തിന് ഇരയായ മൽസ്യകച്ചവടക്കാർ പറയുന്നു.

കൊണ്ടുവന്ന മീൻ വിറ്റതിന് ശേഷം മടങ്ങാമെന്നും ഇനി വരില്ലെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും പോലീസുകാർ ചെവികൊണ്ടില്ല. വിലകൂടിയ മീനുകൾ ഉൾപ്പടെയാണ് പോലീസുകാർ നശിപ്പിച്ചത്. പലിശക്ക് കടമെടുത്ത പണം കൊണ്ടാണ് മീൻ വാങ്ങി ഇവർ വിൽപനക്ക് എത്തിയത്. അഞ്ച് മണി വരെ വിൽപന നടത്താൻ അനുവാദം നൽകിയ പോലീസ് സമയം കഴിയുന്നതിന് മുൻപ് തന്നെ തിരിച്ചെത്തിയാണ് അക്രമം അഴിച്ചുവിട്ടത്.

‘ഞങ്ങൾക്ക് വേറെ മാർഗമില്ല. മറ്റ് ജോലികൾ എന്തെങ്കിലും കണ്ടെത്തി തന്നാൽ ഞങ്ങൾ ജീവിക്കാം’ നിസഹായരായി തൊഴിലാളികൾ പറയുന്നു. മേരിയുടെ മീൻകുട്ടകൾ പോലീസ് അഴുക്കുചാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. പാരിപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്. മൽസ്യം വിൽക്കുന്നയിടത്ത് ഒരു തരത്തിലുള്ള ആൾകൂട്ടവും ഉണ്ടായിരുന്നില്ലെന്നും മേരി പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് പോലീസിനെതിരെ ഉയരുന്നത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വസ്‌തുതാ വിരുദ്ധമാണെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയിൽ പെട്ട സ്‌ഥലത്ത് എല്ലാ കച്ചവടങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്ന് പോലീസ് ഫേസ്‌ബുക്ക്‌ പേജിൽ കുറിച്ചു. ഇത് ലംഘിച്ചപ്പോൾ നടപടിയെടുത്തതാണെന്നും പോലീസ് പറയുന്നു. എന്നാൽ, മീൻകുട്ട വലിച്ചെറിഞ്ഞത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല.

കേരള പോലീസിന്റെ പോസ്‌റ്റിന് താഴെ പരിഹാസവും വിമർശനങ്ങളും നിറഞ്ഞ അഭിപ്രായങ്ങളുമായാണ് പൊതുജനം എത്തുന്നത്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ക്രൂരതയാണ് പോലീസ് ചെയ്‌തതെന്നും ജനങ്ങൾ പറയുന്നു.

കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന മേരിയെ പോലെയുള്ളവരെ സംരക്ഷിക്കുന്നതിന് പകരം കിരാത നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും വിമർശനമുയർന്നു. പോലീസിന്റെ അതിക്രമം മൂലം 16,000 രൂപയുടെ നഷ്‌ടമാണ് മേരിക്കുണ്ടായത്.

Also Read: തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE