ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ എത്തില്ലെന്നും സ്‌ഥിതിഗതികള്‍ മേല്‍നോട്ട സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കി.
ജലനിരപ്പ് കുറയാതെ തുടർന്ന സാഹചര്യത്തിൽ ഇന്നലെ വൈകുന്നേരത്തോടെ 3 ഷട്ടറുകൾ കൂടി തുറന്ന് 1,299 ഘനഅടി ജലം കൂടി സ്‌പില്‍വേ വഴി ഒഴുക്കി വിടുന്നുണ്ട്. 138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 12 മണിക്ക് മുന്‍പായി 138 അടിയിലേക്ക് എത്തുകയെന്നത് ഇനി ഉണ്ടാകില്ലെന്നും അത് സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌ഥിതിഗതികൾ വിലയിരുത്താനായി മന്ത്രിമാരായ റോഷി അഗസ്‌റ്റിനും പി പ്രസാദും ഉദ്യോഗസ്‌ഥർക്കൊപ്പം രാവിലെതന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. സ്‌പിൽവേയിലെ 6 ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. കൂടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടാതെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന ഉണ്ടായിട്ടുണ്ട്.
Read also: ഒരുപാട് പറയാനുണ്ട്, എല്ലാം പറയും; ബിനീഷ് കോടിയേരി